കടുത്തുരുത്തി: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാന്‍ മടി. കയറുന്ന കുട്ടികളോട് ജീവനക്കാരുടെ അസഭ്യവര്‍ഷവും ദേഷ്യപ്പെടലും. പരിശോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവർ പലപ്പോഴും അറിഞ്ഞഭാവം നടിക്കാറില്ല. സംഭവം തുടര്‍ച്ചയായതോടെ കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍ ബസ് തടഞ്ഞു വിദ്യാര്‍ഥികളെ കയറ്റി വിട്ടു. കഴിഞ്ഞദിവസം വൈകുന്നേരം കല്ലറ പുത്തന്‍പള്ളിയിലാണ് സംഭവം.
കല്ലറ-കടുത്തുരുത്തി റൂട്ടില്‍ സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കല്ലറ പുത്തന്പള്ളിയിലുള്ള എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ഹൈസ്കൂളിലെയും കുട്ടികളുടെ യാത്രാമാര്‍ഗം വൈക്കം-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ്. പുത്തന്‍പള്ളിയില്‍ വിദ്യാര്‍ഥികള്‍ നില്ക്കുന്നതു കണ്ടാല്‍ ദൂരെ മാറ്റി ആളെയിറക്കി വേഗത്തില്‍ പോകുകയാണ് ബസുകാര് ചെയ്യുന്നത്. കഴിഞ്ഞദിവസം ബസില്‍ കയറിയ ഒരു വിദ്യാര്‍ഥിയെ ജീവനക്കാരന് ചീത്ത വിളിക്കുകയും ബാഗില്‍ പിടിച്ചു തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ചു വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞതോടെ കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡംഗമായ അരവിന്ദ് ശങ്കര്‍ വിഷയത്തിലിടപെടുകയായിരുന്നു. പതിവുപോലെ കുറച്ചു വിദ്യാര്‍ഥികളെ മാത്രം കയറ്റി മുന്നോട്ടെടുത്ത ബസ് പഞ്ചായത്തംഗം തടയുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും കയറ്റിയ ശേഷമാണ് ബസ് പുറപ്പെടാന്‍ അനുവദിച്ചത്. മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരേ പരാതി നല്‍കിയതായി അരവിന്ദ് ശങ്കര്‍ പറഞ്ഞു.